"അമ്മേ..ഒന്നു പതുക്കെ...എനിക്കു വേദനിക്കുന്നു" "ഒന്നു അടങ്ങി നിക്കെന്റെ പെങ്കൊച്ചേ..ഞാനിതൊന്നും കൂടി മുറുക്കട്ടെ..ഈ നീണ്ട മുടിയൊന്നും ചുമ്മാ ഒണ്ടാകുന്നതല്ല.." "അതിനു ആര്‍ക്കാ നീണ്ട മുടി വേണമെന്നു ഇത്ര നിര്‍ബന്ധം?.." "അസത്തു..നാക്കു വളക്കുന്ന കേട്ടില്ലേ.." "എന്റെ സെലിനെ..രണ്ടും കൂടി രാവിലെ തന്നെ തുടങ്ങാതെ, അതിനു വേണ്ടെങ്കി ആ മുടി വെട്ടിക്കള" "നിങ്ങളും അവളുടെ കൂടെ കൂടിക്കോ.അങ്ങനെ വെട്ടാനല്ല കാച്ചെണ്ണ തേച്ചു തേച്ചു ഞാനിവളുടെ മുടി നീട്ടിത്..."
അവളുടെ കറുത്തിരുണ്ട നീണ്ട മുടിയിലേക്ക് കൂട്ടുകാരികള്‍ തെല്ലസൂയയോടെ നോക്കി. വൈകിട്ടവള്‍ കോളേജ് വിട്ടുവരുന്ന വഴിയില്‍ കാത്തുനിക്കാറുള്ള വായിനോക്കി സഖ്യത്തിലും അവളുടെ നീണ്ടമുടി ഒരു ചര്‍ച്ചാ വിഷയമായിരുന്നു.
"എനിക്കു എന്തൊരിഷ്ടമാണെന്നോ ഈ പനങ്കുല?" അയാള്‍ കളിയാക്കി അവള്‍ മുഖം വീര്‍പ്പിച്ചു. പതിയെ പതിയെ അവളും അതിനെ സ്നേഹിക്കാന്‍ പഠിച്ചു തുടങ്ങി.
നാട്ടില്‍ നിന്നും സ്ടലം മാറ്റം കിട്ടിയപ്പോള്‍ ,അമ്മ അവള്‍ക്ക് വേണ്ടി പ്ലാസ്റ്റിക് ഭരണികളില്‍ കാച്ചെണ്ണ നിറച്ചു. തുടരെ തുടരെയുള്ള ഫോണ്‍ വിളികളില്‍ നിറങ്ങു നിന്നിരുന്നത് കേശപരിപാലനം ആയിരുന്നു. അങ്ങനെ ആ അമ്മ തന്റെ കുറവുകള്‍ മകളിലൂടെ നികത്തി നിര്‍വൃതി കൊണ്ടു.
ആയിടെ അവളുടെ നഗരത്തിലുണ്ടായ അതിഭയങ്കരമായ ഭൂകമ്പത്തിന്റെ പിറ്റേന്നത്തെ പത്രത്തില്‍ ,നീണ്ട മുടി കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ കുടുങ്ങി മരിച്ച ഒരു മലയാളി പെന്കുട്ടിയുടെ കഥയും ഉണ്ടായിരുന്നു...
No comments:
Post a Comment